സൂപ്പര്‍ സ്റ്റാറായി ഇന്ത്യ; ദൗത്യ സാഫല്യമായി ചന്ദ്രയാന്‍-3

Share

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍-3-ന്റെ ലാന്‍ഡര്‍ ഇന്ന് (23.08.23, ബുധനാഴ്ച) ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി. ഇന്ത്യന്‍ സമയം 6.04-നാണ് ലാന്‍ഡര്‍ ചന്ദ്രനെ സ്പര്‍ശിച്ചത്. 5.44-നാണ് ദൗത്യം ആരംഭിച്ചത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളും ബ്രിക്സ് ഉച്ചകോടിയും ആശംസകള്‍ നേര്‍ന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും കഴിയാത്ത നേട്ടമാണ് ഇന്ത്യ നേടിയെടുത്തത്. റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നു വീഎണിരുന്നു. നാലുവര്‍ഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2-നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാന്‍ഡര്‍ എത്തിയത്. ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിവസങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അതാണ് റോവറിന്റെ പരീക്ഷണ കാലം. 2023 ജൂലൈ 14-ന് ഉച്ച കഴിഞ്ഞ് 2.35-നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3-നെയും വഹിച്ചുകൊണ്ട് വിക്ഷേപണ വാഹനമായ എല്‍.വി.എം 3 റോക്കറ്റ് ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്.ബംഗളൂരുവിലെ ഐ.എസ.്ആര്‍.ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നിലവില്‍ നിയന്ത്രിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറുകള്‍ സ്വീകരിക്കുന്നത് ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ സഹായത്തോടെയാണ്.