ഡല്‍ഹി: കരകൗശല തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയില്‍ ഉള്‍പ്പെടുത്തി 13,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 30 ലക്ഷത്തോളം കരകൗശല തൊഴിലാളികള്‍ക്ക് പുതിയ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമ്പരാഗത ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോളവിപണിയില്‍ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
2028 വരെ അഞ്ച് വര്‍ഷത്തേക്കാണ് 13,000 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. 5% പലിശയ്ക്ക് ആദ്യഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവുമായിരിക്കും വായ്പ ലഭിക്കുക. കൂടാതെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം, ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്‍സെന്റീവ് എന്നിവയും നല്‍കും. ആദ്യഘട്ടത്തില്‍ 18 പരമ്പരാഗത വ്യവസായങ്ങളെയാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശാരിപ്പണി, ബോട്ട് നിര്‍മ്മാതാക്കള്‍, കവച നിര്‍മ്മാണം, കൊല്ലപ്പണി, ചുറ്റിക-ഉപകരണ നിര്‍മ്മാണം, പൂട്ട്‌നിര്‍മ്മാണം, സ്വര്‍ണപ്പണി, കുംഭാരന്‍മാര്‍, ശില്‍പികള്‍/കല്ല് കൊത്തുകാര്‍/കല്ല് പൊട്ടിക്കുന്നവര്‍, ചെരുപ്പുകുത്തി, മേശരി, കൊട്ട/ പായ /ചൂല്‍ നിര്‍മ്മാണം /കയര്‍ നെയ്ത്ത്, പാവ /കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം), ബാര്‍ബര്‍, മാല കെട്ടുകാര്‍, അലക്കുതൊഴിലാളികള്‍, തയ്യല്‍പ്പണി, മത്സ്യവല നിര്‍മ്മാണം എന്നീ മേഖലയിലുള്ളവര്‍ക്കാണ് ഈടില്ലാത്ത വായ്പക്ക് അര്‍ഹതയുള്ളത്.