ഡല്‍ഹി: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെ പൗരന്മാര്‍ തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസ്താവിച്ചു. ഇന്ത്യയുടെ പെണ്‍മക്കള്‍ മുന്നോട്ട് പോകാനും എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയ്ക്കൊപ്പം കസ്തൂര്‍ബാ ഗാന്ധി നടന്നു. ഇപ്പോള്‍ ഇന്ത്യയുടെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാകുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത വലിയ ഉത്തരവാദിത്തങ്ങളാണ് അവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത എല്ലാവരെയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണെന്നും സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നതെന്നും സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്നും അന്താരാഷ്ട്ര വേദികള്‍ക്ക് നമ്മള്‍ അതിഥേയത്വം വഹിക്കുന്നതായും ജി-20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.