തിരുവനന്തപുരം: ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിര ലാന്റിംഗ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. റണ്‍വേയില്‍ നിന്നും ടേക്ക് ഓഫ് നടത്തിയ ഉടന്‍ തന്നെ എന്‍ജിനില്‍ നിന്നും ശബ്ദം കേള്‍ക്കുകയും ഉടന്‍ തന്നെ തിരിച്ചിറക്കുകയുമായിരുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 180 പേരുമായാണ് വിമാനം തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടത്. യാത്ര മുടങ്ങിയ സാഹചര്യത്തില്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബഹ്റൈനില്‍ എത്തിക്കുമെന്നാണ് അറിയുന്നത്.
തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനവും ലാന്റിംഗ് ഗിയര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. രാവിലെ 10.15-നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 154 യാത്രക്കുമായി യാത്ര പുറപ്പെട്ടത്. ടേക്ക് ഓഫിനുശേഷം 30 മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ കണ്‍ട്രാള്‍ റൂമുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. ഇതിനിടെ എല്ലാ വിധ മുന്‍കരുതലുകളും തിരുവവന്തപുരം വിമാനത്താവളത്തില്‍ സജ്ജമാക്കിയതായി തിരുവന്തപുരം എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 11.41-ന് വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്തു.