ആഗസ്റ്റില്‍ യു.എ.ഇ തിളങ്ങും; രണ്ട് സൂപ്പര്‍മൂൺ ദിവസങ്ങള്‍

Share

ദുബായ്: രണ്ട് സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് യു.എ.ഇ. ആഗസ്റ്റ് മാസങ്ങളില്‍ തന്നെയായിരിക്കും ഈ രണ്ടു അത്ഭുത പ്രതിഭാസങ്ങളും യു.എ.ഇ-യില്‍ ദൃശ്യമാകുക. ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച അതായത് നാളെ ആയിരിക്കും ആദ്യ ആകാശ വിസ്മയം ദൃശ്യമാകുന്നത്. മറ്റൊരു സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത് ആഗസ്റ്റ് 30-നാണ്. 2023-ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പര്‍മൂണ്‍ ആയിരിക്കും ഓഗസ്റ്റ് 30-ന് ദൃശ്യമാകുന്നതെന്നും ഈ രണ്ടു ദിവസങ്ങളിലും ആകാശം കൂടുതല്‍ തെളിച്ചമുള്ളതായി മാറുമെന്നും വാനനിരീക്ഷകര്‍ അറിയിച്ചു.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. അതിചാന്ദ്ര സാമീപ്യം എന്നാണ് സൂപ്പര്‍ മൂണിനെ മലയാളത്തില്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള പൂര്‍ണ്ണ ചന്ദ്രനെക്കാള്‍ 7 ശതമാനത്തോളം വലുപ്പവും 14 ശതമാനത്തോളം തെളിച്ചമുള്ളതുമായിരിക്കും എന്നതാണ് സൂപ്പര്‍ മൂണിന്റെ പ്രത്യേകത. ഡി.എ.ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സൂപ്പര്‍മൂണ്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി വാനനിരീക്ഷണ സൗകര്യമൊരുക്കും. ആഗസ്റ്റ് 1 ചൊവ്വാഴ്ച രാത്രി 7 മണി മുതല്‍ 9 വരെ മുഷിറിഫ് പാര്‍ക്കിലെ അല്‍ തുറയ അസ്ട്രോണമി സെന്ററില്‍ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ പരിപാടി സംഘടിപ്പിക്കും. വാനനിരീക്ഷണത്തോടൊപ്പം മേഖലയിലെ വിദഗ്ദ്ധരുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാന്നും അവസരമൊരുക്കും.