ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകി ഹൈക്കോടതി

Share

ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. വനിതാ ജഡ്ജിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. സജിമോൻ പാറയലിൻ്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ തീരുമാനം.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ പിന്നാലെ ഉയർന്ന പരാതികളിൽ സംസ്ഥാനത്ത്‌ 19 കേസ്‌ രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളിലാണ്‌ പ്രത്യേകാന്വേഷണ സംഘം കേസെടുത്തത്‌. മുൻനിര താരങ്ങൾ മുതൽ കെപിസിസി ഭാരവാഹിവരെയുള്ളവർ വിവിധ കേസുകളിൽ പ്രതികളാണ്‌. പരാതി ലഭിച്ചാൽ മുഖംനോക്കാതെ നടപടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അന്വർഥമാക്കുന്ന നടപടികളുമായാണ്‌ പൊലീസ്‌ മുന്നോട്ട്‌ പോകുന്നത്‌. മുഖ്യമന്ത്രി നൽകിയ ആത്മവിശ്വാസം, സിനിമാ മേഖലയിൽ പീഡനത്തിന്‌ ഇരയായ വനിതകൾക്ക്‌ കരുത്തായി. നിരവധിയാളുകളാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട്‌ ‘എഫക്‌ട്‌ ’ തമിഴ്‌ സിനിമയിലേക്കും. ലൈംഗികാതിക്രമ പരാതി തെളിഞ്ഞാൽ കുറ്റക്കാരെ അഞ്ചുവർഷം വിലക്കും.വിശാഖ കമ്മിറ്റി ശുപാർശയിൽ തമിഴ് സിനിമാ സംഘടനയായ നടികർ സംഘം 2019ൽ നിയമിച്ച സമിതി ബുധനാഴ്ച യോഗം ചേർന്നാണ് നടപടി പ്രഖ്യാപിച്ചത്. ചെന്നൈയിൽ ചേർന്ന യോഗത്തിൽ നടികർസംഘം പ്രസിഡന്റ് നാസർ അധ്യക്ഷനായി. ഫോണിലോ ഇ-മെയിൽ മുഖേനയോ സമിതിയ്ക്ക് പരാതി നൽകാനുള്ള സംവിധാനം തയ്യാറാക്കും. പരാതിക്കാർക്ക്‌ നിയമപരിരക്ഷയും ഉറപ്പാക്കും.