വയനാട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനഘട്ടത്തിൽ; വിദഗ്ധ സംഘമാകും ഇന്ന് തിരച്ചിൽ നടത്തുക

Share

വയനാട്: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്നും അന്വേഷണം ഊർജിതമാക്കും. കൂടാതെ ഉരുൾപൊട്ടലിൽ കുടുങ്ങിയവർക്കായി സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചു തിരച്ചിൽ നടത്താൻ തീരുമാനിച്ചു. ചാലിയാറിന്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ഭാഗത്ത് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചിൽ നടത്തുക.
അതേസമയം വയനാട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനഘട്ടത്തിലെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. കരയിലുള്ള തിരച്ചിൽ ഏകദേശം പൂർത്തിയായി. 50 മീറ്ററോളം ആഴത്തിൽ ചെളി മൂടിയ പ്രദേശങ്ങൾ മാത്രമാണ് കരയിൽ ഇനി തിരച്ചിൽ നടത്താൻ ബാക്കിയുള്ളത്. ചെളി ഉണങ്ങിയാൽ മാത്രമേ അവിടെ പരിശോധന നടത്താൻ കഴിയുകയുള്ളു. ഇന്നലെ മൃതദേഹങ്ങൾ കിട്ടിയ സ്ഥലത്ത് ഇന്നും പരിശോധന നടത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിലും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
പൊലീസിൽ പരിശീലനം നേടിയവരും സൈന്യത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാകും ഇന്ന് പരിശോധന നടത്തുക. ഒറ്റപ്പെട്ട ഇടങ്ങളിൽ പോയി മൃതദേഹങ്ങൾ കണ്ടെത്തുകയാണെങ്കിൽ എയർ ലിഫ്റ്റ് ചെയ്യും. സാധാരണക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത വനപ്രദേശങ്ങളിലും ഇന്ന് തിരച്ചിൽ നടത്തും. അതിനായാണ് പരിശീലനം നേടിയ സംഘത്തെ വിടുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ പുഴയിലുള്ള രക്ഷാപ്രവത്തനം വൈകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ സാലറി ചലഞ്ചുമായി കേരള സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ചനടത്തി. സർക്കാർജീവനക്കാരിൽനിന്നാണ് സാലറി ചലഞ്ച് നടത്താൻ തീരുമാനിച്ചത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഏകപക്ഷീയപ്രഖ്യാപനം ഒഴിവാക്കാനും എല്ലാ സംഘടനകളുമായും അഭിപ്രായ ഐക്യമുണ്ടാക്കാനുമാണ് ശ്രമം. ഇതിനായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി പ്രത്യേകം ചർച്ചനടത്തി.