പ്രതിഷേധങ്ങൾക്കിടയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

Share

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയിലേക്ക് ഇടിച്ചു കയറി കൊള്ളയടിച്ച് പ്രതിഷേധകാരികൾ. വസതിയിൽ സ്ഥാപിച്ചിരുന്ന ഹസീനയുടെ പിതാവ് മുജിബുർ റഹ്മാന്‍റെ പ്രതിമയും തകർത്തു. അതിനു പുറമേ ഹസീനയുടെ പാർട്ടി ഓഫിസുകൾക്കു കൂടി തീയിട്ടാണ് പ്രക്ഷോഭകാരികാൾ ഹസീനയുടെ രാജി ആഘോഷിച്ചത്. 15 വർഷം നീണ്ടു നിന്ന ഭരണം സംവരണത്തെച്ചൊല്ലിയുടെ സമരത്തോടെയാണ് ഹസീനയുടെ കൈവെള്ളയിൽ നിന്ന് ഒലിച്ചു പോയത്. പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച മാത്രം ആറു പേരാണ് കൊല്ലപ്പെട്ടത്. ധാക്ക ലോങ് മാർച്ചിന്‍റെ മുന്നോടിയായി രാജ്യത്തെല്ലാം ഇന്‍റർനെറ്റ് റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഉച്ചയോടെ ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ ഖാലിദ സിയ ജയിൽ മോചിതയായി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് ഖാലിദ സിയയെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. അഴിമതി കേസിൽ 17 വർഷം തടവുശിക്ഷക്ക് വിധിക്കപ്പെട്ട് 2018 മുതൽ ജയിലിൽ കഴിയുകയാണ് 78കാരിയായ ഖാലിദ സിയ. അസുഖബാധിതയായ ഇവരെ ആശുപത്രിയിലേക്ക് മാറ്റും.