വൈദ്യുതിയില്‍ പറക്കുന്ന ടാക്‌സിയുമായി ദുബായ്

Share

ദുബൈ: വൈദ്യുതിയില്‍ പറക്കുന്ന ടാക്‌സികള്‍ക്ക് ഓര്‍ഡര്‍ നല്‍കി ദുബൈയിലെ സ്വകാര്യ കമ്പനി. 10 ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ക്കാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏവിയേഷന്‍ ഓപ്പറേറ്ററായ എയര്‍ ചാറ്റോ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2030ല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകളായി പ്രവര്‍ത്തിക്കാന്‍ യൂറോപ്യന്‍ മൊബിലിറ്റി സൊല്യൂഷന്‍ പ്രൊവൈഡറായ ക്രിസാലിയന്‍ മൊബിലിറ്റിയില്‍ നിന്നാണ് പറക്കും കാറുകള്‍ വാങ്ങുന്നത്. പറക്കും ടാക്സികള്‍പോലുള്ള പുതിയ മൊബിലിറ്റി സംവിധാനങ്ങളുടെ സുപ്രധാന ഹബ്ബായി ദുബൈ മാറുമെന്നും അതിനുള്ള നിര്‍ണായകമായ ചുവടുവെയ്പ്പാണ് ഈ കരാറെന്നും എയര്‍ ചാറ്റോ ചെയര്‍മാന്‍ സമീര്‍ മുഹമ്മദ് പറഞ്ഞു. ദുബൈക്കു ശേഷം തെക്കുകിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗതയാണ് ഇതിനുണ്ടാവുകയെന്നും ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഈ പുതിയ ആധുനിക ഗതാഗത സംവിധാനങ്ങള്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നതിനാല്‍ യുഎഇയും സൗദി അറേബ്യയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി എയര്‍ ടാക്സികളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഒരു യൂറോപ്യന്‍ കമ്പനിയുടെ മിഡില്‍ ഈസ്റ്റുമായുള്ള ആദ്യ വാണിജ്യ പങ്കാളിത്തമാണിതെന്നതും ശ്രദ്ധേയം. പൈലറ്റിനൊപ്പം അഞ്ച് യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഇലട്രിക് ഫ്‌ളൈയിങ് എയര്‍ ടാക്‌സി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും യാത്രക്കാരെ വഹിക്കാനും ഒപ്പം ചരക്ക് ഗതാഗതത്തിനുമെല്ലാം ഈ ടാക്‌സികള്‍ ഉപയോഗിക്കാനാവുമെന്നതാണ് ഏറെ മെച്ചം.