വയനാട് മരണം 318; തിരച്ചിൽ പുരോഗമിക്കുന്നു

Share

വയനാട്: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 318 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും. മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാവയനാട് ധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്.
സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം ഓരോ മൂന്ന് മണിക്കൂറിലും കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.