എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു

Share

എറണാകുളം: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയിലെ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്താണ്.
ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. 86 ഡെങ്കിപ്പനി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്.
മഴ കനത്തതോടെയാണ് അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്ക് ഡെങ്കിപ്പനി പടരുന്നത്. പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇടവിട്ടു പെയ്യുന്ന മഴയിൽ ഇത്തരം പ്ലാസ്റ്റിക് മാലിന്യമെല്ലാം കൊതുകു വളർത്തൽ കേന്ദ്രമാകാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്കു വളരാൻ വെറും 2 മില്ലി വെള്ളം മതി. അതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശമുണ്ട്. കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.