മണിപ്പൂരിൽ വീണ്ടും സംഘർഷം; 2000 ത്തിലധികം ആളുകൾ കുടിയേറുന്നു

Share

ഗുവാഹത്തി: തെര​ഞ്ഞെടുപ്പിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തിൽ 2000 ലേറെ പേർ സംസ്ഥാനം വിട്ടതായി റിപ്പോർട്ട്. മണിപ്പൂരിനോട് ചേർന്ന് കിടക്കുന്ന അസമിലേക്കാണ് ആളുകൾ കുടിയേറുന്നതെന്നാണ് റിപ്പോർട്ട്. ജൂൺ ആറിന് ജിരിബാം മേഖലയിൽ മെയ്തേയ് വിഭാഗത്തിൽപെട്ടയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നത്. വീടുകൾക്ക് തീയിടുകയും സംഘർഷം വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആയിരക്കണക്കിന് ആളുകൾ വീടും നാടും ഉപേക്ഷിച്ച് പോയത്.
അതേസമയം അസമിലെ കച്ചാർ ജില്ലയിലേക്ക് മണിപ്പൂരിൽ നിന്ന് കുടിയേറ്റം വ്യാപകമായതിനാൽ പ്രദേശത്ത് അതീവ ജാഗ്രത പുലർത്താൻ സുരക്ഷാ സേനക്ക് നിർദേശം നൽകി. കുടിയേറുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. കുക്കികളും ഹംറകളുമാണ് പ്രധാനമായും കുടിയേറുന്നത്. മെയ്​തേയ് വിഭാഗത്തിലുള്ളവരും കുടിയേറുന്നവരിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കച്ചാർ എസ്.പി നുമാൽ മഹത്ത പറഞ്ഞു. ജിരിബാം ജില്ലയിൽ സ്‌പോർട്‌സ് കോംപ്ലക്‌സുകളിലും സ്‌കൂളുകളിലും ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 918 പേരാണ് കഴിയുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.