പന്തീരങ്കാവ് ഗാർഹിക പീഡനകേസ്; മൊ‍ഴി മാറ്റി പെണ്‍കുട്ടി

Share

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊ‍ഴി മാറ്റി പെണ്‍കുട്ടി. പ്രതി രാഹുൽ നിരപരാധിയെന്നും രാഹുലിനെതിരെ താൻ പറഞ്ഞ ആരോപണങ്ങൾ കളവെന്നുമാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പെൺകുട്ടി ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് തന്റെ ആരോപണം എന്നാണ് ഈ വീഡിയോയിൽ യുവതി പറയുന്നത്.
അതേസമയം പെണ്‍കുട്ടിയെ കുറച്ചുദിവസമായി കാണാനില്ലെന്നും ഇത് ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. പെൺകുട്ടിയെ നിർബന്ധിച്ച് മൊഴിമാറ്റിയതെന്നാണ് കുടുംബം പറയുന്നത്. രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണ് പെൺകുട്ടി എന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.
രണ്ട് വീഡിയോകളാണ് യുവതി പുറത്ത് വിട്ടത്. രണ്ടാമത്തെ വീഡിയോയിൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും വീഡിയോയിൽ പറഞ്ഞു. അതേസമയം കേസിൽ കുറ്റപത്രം അടുത്താഴ്ച സമർപ്പിക്കും. അഞ്ച് പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിക്കുന്നത്.