സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിഎ കസ്റ്റഡിയിലായ സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ

Share

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ അടക്കം രണ്ട് പേരെ ഡൽഹി കസ്റ്റംസ് കസ്റ്റഡിയിലെുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും സഹായിയുമാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാർ എന്നാണ് അധികൃതർ പറയുന്നത്.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്‌സണൽ സ്റ്റാഫിനെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി രംഗത്തെത്തി. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് പിടികൂടിയത് ഞെട്ടിപ്പിക്കുന്നതാണെന്നും, തന്റെ മുൻ സ്റ്റാഫ് അംഗമായിരുന്നു ശിവകുമാറെന്നാണ് തരൂരിന്റെ വിശദീകരണം.
വിമാനത്താവളത്തിലെ സഹായത്തിന് മാത്രമായാണ് പാർട്ട് ടൈം സ്റ്റാഫ് അംഗമായി ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും തരൂർ പറഞ്ഞു. ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കില്ല. അന്വേഷണത്തിലും തുടർ നടപടിയിലും കസ്റ്റംസ് അധികൃതർക്ക് പൂർണ പിന്തുണ നൽകുമെന്നും തരൂർ പറഞ്ഞു.