യുഎഇ: വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന കർശന നിർദ്ദേശവുമായി യുഎഇ. വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലും കുട്ടികളെ തനിച്ചാക്കരുത്. കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഷാർജയിൽ ഏഴു വയസ്സുകാരൻ മരിക്കുകയും നാലു വയസ്സുകാരി മണിക്കൂറുകളോളം വാഹനത്തിൽ അകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വെയിൽ അധികമായതിനാൽ വാഹനത്തിൽ അകപ്പെടുന്ന കുട്ടികൾ സൂര്യാഘാതമേറ്റോ നിർജലീകരണം മൂലമോ ശ്വാസം മുട്ടിയോ മരിക്കാനുള്ള സാധ്യത ഏറെയാണ്. കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനേക്കാൾ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയം ഒരു മിനിറ്റ് കുട്ടി വാഹനത്തിൽ അകപ്പെട്ടാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തിൽ അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും ചേർന്നാണ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയത്.
യുഎഇയിൽ വേനൽകാലത്ത് ഈ നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുട്ടികളെ കാറിൽ തനിച്ച് കണ്ടെത്തിയാൽ പൊലീസിലോ (999), ആംബുലൻസിലോ (998) ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ പൊലീസിനോട് അഭ്യർഥിച്ചു.