സന്ദര്‍ശക വിസയുള്ളവർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാവില്ല

Share

മക്ക: വിസിറ്റ് വിസയിൽ ഉള്ളവർ മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി മന്ത്രാലയം. വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിൽ ഉംറ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് ചെയ്യാന്‍ ഈ വിസ അനുവദിക്കില്ലെന്ന് നേരത്തെ സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദുൽഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാർക്കും വിലക്ക് ഒരുപോലെ ബാധകമാണ്.
അതേസമയം സന്ദര്‍ശക വിസയുള്ളവർ അവരുടെ വിസ വ്യവസ്ഥകള്‍ പാലിക്കണമെന്നും വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തിരികെ പോകണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂണ്‍ രണ്ട് മുതല്‍ 20 വരെ മക്കയിലോ, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഇത്തരം ആളുകളെ കണ്ടെത്തിയാൽ 10,000 റിയാൽ വരെ പിഴ ഈടാക്കുന്നതാണ്.
വിസിറ്റ് വിസ ഹജ് നിർവഹിക്കാനുള്ള അനുമതിയല്ല. വിലക്കുള്ള കാലത്ത് വിസിറ്റ് വിസക്കാർ മക്കയിലേക്ക് പോവുകയോ മക്കയിൽ തങ്ങുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്നവർക്കെതിരെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.