തെക്കൻ കേരളത്തിൽ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്

Share

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ സാധ്യതയെന്ന് മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും, മെയ് 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശ്ശൂരിൽ അശ്വിനി ആശുപത്രിയിലും, പ്രദേശത്തെ വീടുകളിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും, ശങ്കരയ്യ റോഡിലെ വീടുകളിലും വെള്ളം കയറി.
മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിലെ പലയിടത്തും വെള്ളക്കെട്ട് രൂപപെട്ടു. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മെട്രോ നിര്‍മ്മാണം നടക്കുന്ന ഇന്‍ഫോ പാര്‍ക്ക് പ്രദേശങ്ങളിലെ ഡ്രൈനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയത്. ഇന്‍ഫോ പാര്‍ക്കിലെ, വേള്‍ഡ് ട്രേഡ് സെന്റര്‍, വിസ്മയ, തപസ്യ, ലുലു സൈബര്‍ ടവര്‍, എന്നീ പ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് വെള്ളകെട്ട് ഉണ്ടായത്. ഇതോടെ ജോലി കഴിഞ്ഞ് ജീവനക്കാര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയാതായി.
നിലവിൽ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.