എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം ജനങ്ങളെ വലച്ചു; അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ച നടത്തും

Share

മുംബൈ: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ പെട്ടെന്നുള്ള സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തില്‍നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. മെയ് 13 ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായാണ് വിവരം.
അതേസമയം ജീവനക്കാർക്ക് എതിരെ നടപടി എടുത്തിരിക്കുകയാണ് കമ്പനി. ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകി. 25 ജീവനക്കാർക്ക് ആണ് നോട്ടീസ് നൽകിയത്. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇന്നലെ കണ്ണൂരില്‍ പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. 30 ഓളം വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാത്രമായി റദ്ദാക്കിയത്.
നിലവിൽ അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മാത്രം 90 ലേറെ സര്‍വീസുകള്‍ മുടങ്ങി. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.