വെസ്റ്റ് നൈല്‍ ഫിവര്‍; 79 വയസുക്കാരിയുടെ മരണം പോസിറ്റീവ് ആയി

Share

തൃശൂർ: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ പരിശോധന ഫലം പോസിറ്റീവ് ആയതിനാൽ ജാഗ്രതാ നിർദ്ദേശം. നിലവിൽ തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന പരിശോധനാ ഫലം പോസിറ്റീവ് ആയി. വാടാനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.