വൈദ്യുതി ഉപഭോഗം ഉയർന്നതിനാൽ മേഖലകളിലായി നിയന്ത്രണം ഏർപ്പെടുത്തും

Share

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മേഖലകളിൽ നിയന്ത്രണം വരും. മേഖലകൾ തിരിച്ചാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അതാത് സ്ഥലങ്ങളിലെ ചീഫ് എൻജിനീയർമാർക്ക് നിർദ്ദേശം നൽകി. നിയന്ത്രണം സംബന്ധിച്ച് ചാർട്ട് തയാറാക്കി ഉടൻ തന്നെ ഉത്തരവിറക്കുന്നതാണ്. അതേസമയം ഏതൊക്കെ മേഖലകളിലാണ് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്ന കാര്യം കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല.
വൈദ്യുതി ഉപഭോഗം ഉയർന്ന മേഖലകളിൽ വൈകിട്ട് ഏഴുമുതൽ പുലർച്ചെ ഒരുമണിവരെയുള്ള സമയത്താണ് നിയന്ത്രണമുണ്ടാകുക. പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്നലെ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപഭോഗം തുടരുന്നതിനാൽ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ നിയന്ത്രണം ഫലം കാണുന്നില്ലെങ്കിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് കെഎസ്ഇബിയുള്ളത്. പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം വിജയമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ് സ്റ്റേഷനുകളിലാണ് കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്.