നിയമ ലംഘനം നടത്തി സൗദിയിൽ താമസിക്കുന്ന വിദേശികളെ നാട്കടത്തും

Share

റിയാദ്: നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ നാടുകടത്തുന്നതിനു വേണ്ടിയുള്ള സുരക്ഷാ പരിശോധനകള്‍ കശനമാക്കി സൗദി ഭരണകൂടം. ഹജ്ജ് സീസണിന്റെ ഭാഗമായാണ് ശക്തമായ നടപടി അധികൃതര്‍ കൈക്കൊള്ളുന്നത്. രാജ്യത്തെ താമസ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചതിന് സൗദി അധികൃതര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20,667 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരില്‍ കൂടുതല്‍ പേരും രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ്.
അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ചതിന് 14,805 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 3,860 പേര്‍ നിയമവിരുദ്ധമായി രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും 2,002 പേര്‍ തൊഴില്‍ സംബന്ധമായ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 959 പേരില്‍ 53 ശതമാനം എത്യോപ്യക്കാരും 44 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യക്കാരും ആണെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ രേഖകളില്ലാതെ അതിര്‍ത്തികള്‍ വഴി അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 58 പേരെയും അതിര്‍ത്തി രക്ഷാ സൈനികര്‍ പിടികൂടി. ഇതിനു പുറമെ, നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ക്ക് താസമ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിനും ഇവര്‍ക്ക് വാഹനങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കിയതിനും ഒമ്പത് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.