കേരളത്തിൽ ഡബിൾ ഡക്കർ ട്രെയിൻ യാഥാർഥ്യമാകുന്നു

Share

പാലക്കാട്: കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു. കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ് ആണ് ഡബിൾ ഡക്കർ ട്രെയിനിന്റെ ഭാഗമാകുന്നത്. കൂടാതെ ഈ ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർകാർ ആണ് കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ്. കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം നടത്തുക. ബുധനാഴ്ച ഉദയ് ട്രെയിനുകൾ ഇല്ലാത്തതിനാലാണ് ഈ ദിവസം പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത്. രാവിലെ എട്ടിന് ട്രെയിൻ കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 10:45ന് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിച്ചേരും. 11:05ന് പാലക്കാട് ജങ്ഷനിൽ എത്തിയാൽ 11:35ന് ട്രെയിൻ മടങ്ങും. 2:40ന് കോയമ്പത്തൂരിൽ എത്തും.
അടുത്തിടെയാണ് പൊള്ളാച്ചി പാത നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയാക്കിയത്. പാതയിൽ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ഡബിൾ ഡക്കർ ട്രെയിനിൻ്റെ വരവ്. സേലം, പാലക്കാട് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം. അതേസമയം പാലക്കാട്ടേക്ക് ട്രെയിൻ നീട്ടാനുള്ള തീരുമാനത്തിനെതിരെ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള പാസഞ്ചർ അസോസിയേഷൻ്റെ കടുത്ത എതിർപ്പുണ്ട്. പാലക്കാട് നിന്ന് പ്രതിദിനം അഞ്ചു ട്രെയിൻ ബെംഗളൂരുവിലേക്ക് ഓടുമ്പോൾ പുതിയൊരു ട്രെയിനിൻ്റെ ആവശ്യമില്ലെന്നും പളനി, ഉദുമൽപേട്ട് എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരു ട്രെയിൻ ഇല്ലെന്നും ഇവർ പറഞ്ഞു. അതിനാൽ ട്രെയിൻ പൊള്ളാച്ചി വഴി പളനിയിലേക്ക് നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.