മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും, ബുള്‍ഡോസറുകളും കയറ്റിയിറക്കി ഇസ്രായേല്‍ ക്രൂരത; അവസാനിക്കാതെ യുദ്ധം

Share

ഗസ്സ: ഇസ്രായേല്‍ ക്രൂരത തുടരുമ്പോഴും അഭയം പ്രാഭിച്ചവർക്ക് ശിക്ഷ മരണംമാത്രമായി തുടരുന്നു. ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് ഇപ്പോൾ ഏറെ നടുക്കുന്നത്.
ദയദാക്ഷിണ്യമില്ലാതെ വെടിവെച്ചു വീഴത്തിയ ഇസ്രായേല്‍ സേന, മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും, ബുള്‍ഡോസറുകളും കയറ്റിയിറക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കും നിർത്തിയിട്ട ആംബുലൻസുകള്‍ക്കും മുകളിലൂടെ ടാങ്കുകളും ബുള്‍ഡോസറും ഓടിക്കുന്നതായി ആശുപത്രിയില്‍ അഭയം പ്രാപിച്ച ജമീല്‍ അല്‍ അയൂബി ആണ് കണ്ടത്. കൂടാതെ സാധാരണക്കാരുടെ വണ്ടികളും ആംബുലൻസുകളും തകർത്തതായും, ഇസ്രായേല്‍ കൊലപ്പെടുത്തിയ നാല് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇപ്രകാരം ചതച്ചരച്ച്‌ വികൃതമാക്കിയതായി അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലും പരിസരത്തുമുള്ള സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും ബാക്കിയുള്ളവരെ തെക്കൻ ഗസ്സയിലേക്ക് ഇറക്കി വിട്ടതായും അല്‍ശിഫ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് റദ്‍വാൻ പറഞ്ഞു. സ്ത്രീകളെ ബലാത്സംഗം ചെയുകയും, പട്ടിണി, പീഡനം എന്നിവക്ക് സ്ത്രീകള്‍ വിധേയരായതായി ദൃക്‌സാക്ഷിയായ ജമീല അല്‍-ഹിസി പറഞ്ഞു. നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അതിക്രമം ഒമ്ബതാം ദിവസമായ ഇന്നും തുടരുകയാണ്. ഇസ്രായേല്‍ സൈനികർ ആശുപത്രിയിലും പരിസരത്തുമായി 170 ലധികം ഫലസ്തീനികളെ കൊല്ലുകയും മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഉള്‍പ്പെടെ 800 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമാസത്തിനിടെ നാലാം തവണയാണ് അല്‍ശിഫയില്‍ അതിക്രമം അഴിച്ചുവിടുന്നത്.