സംസ്ഥാന സർക്കാരിന്റെ കെ റൈസ് നാളെ മുതൽ വിപണിയിൽ

Share

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ ശബരി കെ റൈസ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി. കെ റൈസ് വിപണി ഇടപെടലിലെ പുതിയ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. അതേസമയം സബ്സിഡി ഇതര സാധനങ്ങൾ റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം ചെറിയ പൈസക്ക് നൽകിയ അരിയാണ് കേന്ദ്രം 29 രൂപക്ക് ഭാരത് റൈസ് എന്നപേരിൽ വിൽക്കുന്നത്. 11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്.