താമസ, തൊഴില്‍ വിസ നടപടികൾ ഇനി എളുപ്പത്തിൽ ലഭ്യമാകും

Share

യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ ലഭ്യമാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. നേരത്തെ 30 ദിവസമെടുത്ത് പൂർത്തിയാക്കിയിരുന്ന നടപടിക്രമങ്ങളാണ് പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ അഞ്ച് ദിവസമായി കുറയുന്നത്. ഇതോടെ വിസ അനുവദിക്കുന്നതിന് ആവശ്യമായ രേഖകളുടെ എണ്ണം 16 ല്‍ നിന്ന് അഞ്ചായി കുറഞ്ഞു.
അതേസമയം സേവനകേന്ദ്രങ്ങളില്‍ എത്തേണ്ട തവണകള്‍ ഏഴില്‍ നിന്ന് രണ്ടായി ചുരുങ്ങും. മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഇക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്, റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെയെല്ലാം നടപടിക്രമങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. താമസജോലി വിസ നടപടിക്രമങ്ങള്‍, താമസ ജോലി വിസ പുതുക്കല്‍, റദ്ദാക്കല്‍, ആരോഗ്യ പരിശോധന, തിരിച്ചറിയല്‍ രേഖയ്ക്കായി വിരലടയാളമെടുക്കല്‍ എന്നീ അഞ്ച് സേവനങ്ങളാണ് ലഭിക്കുക. തുടക്കത്തില്‍ ദുബായിലാണ് ഇത് നടപ്പിലാക്കുന്നത്.