ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേള ദുബായിൽ

Share

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പന മേള ‘ബിഗ് ബാഡ് വുള്‍ഫ്’ ദുബായില്‍. ഇത് അഞ്ചാം തവണയാണ് മേള യുഎഇയില്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസില്‍ പുസ്തകവില്‍പന ആരംഭിച്ചു. നിലവിൽ പുസ്തകങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.
മാര്‍ച്ച് 10 ഞായറാഴ്ച വരെയാണ് പുസ്തക വില്‍പന നടത്തുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 12 വരെ മേള പ്രവര്‍ത്തിക്കുന്നതായിരിക്കും. ആയിരക്കണക്കിന് എഴുത്തുകാരുടെ രണ്ട് ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ബിസിനസ്, കല, ഡിസൈന്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും, പാചകപുസ്തകങ്ങളും, കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കുമുള്ളവ ഗ്രന്ഥശേഖരത്തിലുണ്ട്. ബുക് എക്‌സസ് (BookXcess) സ്ഥാപകരായ ആന്‍ഡ്രൂ യാപ്പും ജാക്വലിന്‍ എന്‍ജിയും ചേര്‍ന്ന് 2009ല്‍ സ്ഥാപിച്ചതാണ് ബിഗ് ബാഡ് വുള്‍ഫ്. അന്താരാഷ്ട്ര തലത്തില്‍ വായനയും ഇംഗ്ലീഷ് സാക്ഷരതയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ പുസ്തക മേള മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു.