ടി.പി. ചന്ദ്രശേഖരൻ വധം; പ്രതികള്‍ക്ക് വധശിക്ഷയില്ല

Share

കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒൻപത് പ്രതികള്‍ക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വർഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോർട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം രാഷ്‌ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച്‌ ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച്‌ വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി ആർ.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.