അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

Share

അബുദാബി: ഇന്ത്യ-യു.എ.ഇ ബന്ധം സദൃഡമാക്കാൻ അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലാണ് പൂർണമായും കല്ലില്‍ നിർമിച്ച ബാപ്‌സ് മന്ദിർ സ്ഥിതി ചെയുന്നത്. യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിർ മാർച്ച്‌ ഒന്നു മുതലായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.
2014ല്‍ നരേന്ദ്രമോദി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ക്ഷേത്രം നിർമ്മിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. 2015 ല്‍ മോദിയുടെ ആദ്യ സന്ദർശനത്തിൽ യു.എ.ഇ സർക്കാർ ക്ഷേത്രത്തിന് 13.5 ഏക്കർ ഭൂമി അനുവദിക്കുകയും ചെയ്തു. 2018 ല്‍ രണ്ടാം യു.എ.ഇ സന്ദർശനത്തിനിടെ ദുബായ് ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു.
സ്വാമി നാരായണൻ, അക്ഷരം-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമൻ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ തുടങ്ങിയ ദേവി ദേവന്മാരാണ് ബാപ്‌സ് മന്ദിർ ക്ഷേത്രത്തിലെ പ്രതിഷ്‌ഠകള്‍. കൂടാതെ പ്രാർത്ഥനാഹാളുകള്‍, സന്ദർശകകേന്ദ്രം, തീമാറ്റിക് ഗാർഡനുകള്‍, ക്ലാസ് മുറികള്‍, പ്രദർശന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.