പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ

Share

യുഎഇ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് യുഎഇയിലെത്തും. ചരിത്രപരവും വിപുലവും ശ്രദ്ധേയവുമായ നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.പരിപാടിയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ സന്ദര്‍ശിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളുടെ സൗഹൃദം കൂടുതല്‍ സുദൃഡമാവുകയാണ്.
അഹ്‌ലന്‍ മോദി എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിക്ക് ശേഷം നാളെ ബാപ്‌സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തതിനു ശേഷം ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രവാസി ഇന്ത്യക്കാര്‍ മുഴുവന്‍ ചേര്‍ന്ന് നല്‍കുന്ന അഹ്‌ലന്‍ മോദി വളരെ സവിശേഷമായ ഒരു പരിപാടിയായി മാറുമെന്ന് ഇന്ത്യന്‍ പീപ്പിള്‍ ഫോറം പ്രസിഡന്റും അഹ്‌ലന്‍ മോദി സംഘാടക നേതാവുമായ ജിതേന്ദ്ര വൈദ്യ പ്രത്യാശിച്ചു. 65,000ത്തിലധികം പേരാണ് പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വൈകുന്നേരം നാലു മണിക്ക് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയുട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള 1,500ലധികം പ്രവാസി സന്നദ്ധപ്രവര്‍ത്തകര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.