കായികതാരങ്ങൾക്ക് നൂതനസൗകര്യവുമായി കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം

Share

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544 നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി സ്ഥലം കണ്ടെത്തുകയും ഭൂ ഉടമകളുമായി ധാരണയിൽ എത്തുകയും ചെയ്‌തെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് അറിയിച്ചു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും സമീപത്തുള്ളതിനാൽ കായിക താരങ്ങള്‍ക്ക് ഇവിടെ എത്താനും എളുപ്പമാണ്. മാത്രമല്ല മത്സരം കാണാനായി എത്തുന്നവർക്ക് യാത്രാസൗകര്യവുമുണ്ട്. അതിനാൽ പുതിയൊരു സ്പോർട്സ് സിറ്റി എന്ന ലക്ഷ്യത്തോടെ ഒരു വർഷം കൊണ്ട് സ്റ്റേഡിയം നിർമ്മാണം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിന്റെ രൂപരേഖ കെ.സി.എ സർക്കാരിന് മുമ്പിൽ സമർപ്പിച്ചു. സ്റ്റേഡിയ നിർമ്മാണം 750 കോടിയോളം രൂപ ചെലവ് വരുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.