കായികരംഗത്തിന് കൂടുതൽ പരിഗണന നല്‍കും; പുതിയ മാറ്റവുമായി കേരള സർക്കാർ

Share

തിരുവനന്തപുരം: കായികരംഗത്തെ വികസനകുതിപ്പിൽ പുതിയ മാറ്റവുമായി കേരള സർക്കാർ. കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും, കേരളത്തിന്റെ ഊര്‍ജ്ജമായി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കായിക മേഖല വളർത്തിയെടുക്കുമെന്നും, കായിക സമ്പദ് വ്യവസ്ഥ വലിയതോതില്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക കായിക ഇനങ്ങളുടെ അനുകൂലമായ സാഹചര്യം സംസ്ഥാനത്തുള്ളതിനാൽ അതിന്റെ പ്രധാന്യം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് വന്നാല്‍ നമ്മള്‍ മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികള്‍ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ മറ്റ് ഏത് സംസ്ഥാനത്തെക്കാളും മികച്ച കായിക സംസ്‌കാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മുന്‍നിരയില്‍ ഉണ്ടായിരുന്ന പല കായിക ഇനങ്ങളും പരിഷ്‌കരിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും, സ്‌പോര്‍ട്‌സിനും കൂടുതല്‍ പരിഗണന നല്‍കും. കായിക പ്രവര്‍ത്തനത്തെ ഒരു ജനകീയ പ്രവര്‍ത്തനമായി പരിഗണിക്കുകയും, കായിക വ്യായാമ സാക്ഷരത വര്‍ധിപ്പിക്കുകയും ചെയ്യും. അതിനായി തദ്ദേശ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുമെന്നും, കായിക മേഖലയ്ക്ക് പ്രയോജനമാകുന്ന തരത്തിലാണ് കായിക നയം രൂപപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.