പുതിയ ബാർ കോഡ് സംവിധാനം രൂപീകരിച്ച് സൗദി വാണിജ്യ മന്ത്രാലയം

Share

റിയാദ്: പുതിയ ബാർ കോഡ് സംവിധാനം വാണിജ്യ മന്ത്രാലയം ആവിഷ്‌കരിച്ചു. ഇനിമുതൽ വാണിജ്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല പകരം ഏകീകൃക ഇലക്ട്രോണിക് ബാര്‍ കോഡ് മതിയാകും. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ക്ക് പകരമാണ് ഏകീകൃത ഇലക്ട്രോണിക് കോഡ് എന്ന് സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു. എല്ലാ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ബാര്‍കോഡ് റീഡ് ചെയ്താല്‍ ലഭ്യമാകുന്ന സംവിധാനമാണ് പുതിയതായി ആവിഷ്‌കരിച്ചിരിക്കുന്നത്.
വിവിധതരം ലൈസന്‍സ് കോപ്പികള്‍ കടകളിലും വാണിജ്യ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ പ്രയാസം ഇല്ലാതാക്കുന്നതിനൊപ്പം പരിശോധനാ സംവിധാനം പരിഷ്‌കരിക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നതിനാണ് ബാര്‍ കോഡ് സംവിധാനം. വാണിജ്യസ്ഥാപനങ്ങളുടെ ഡാറ്റകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് ഒരു പോയിന്റിലേക്ക് കേന്ദ്രീകരിക്കുന്ന പദ്ധതിയാണിത്. നിലവിൽ ഈ ബാർ കോഡ് സ്‌കാന്‍ ചെയ്താല്‍ അനായാസം വിവരങ്ങള്‍ പരിശോധിക്കാനും, സ്‌കാന്‍ ചെയ്യുന്നതോടെ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ മൊബൈലിലും ടാബുകളിലും ലഭിക്കുന്നതുമായിരിക്കും.
സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബലദിയ സര്‍ട്ടിഫിക്കറ്റ്, വാറ്റ് സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏകീകൃത കോഡില്‍ ഒന്നാംഘട്ടത്തില്‍ ലഭ്യമാവുക. അടുത്ത ഘട്ടത്തില്‍ മറ്റു ലൈസന്‍സുകളും ഇതില്‍ ഉള്‍പ്പെടുത്തും. വാണിജ്യമന്ത്രാലയത്തിന്റെ സൗദി ബിസിനസ് സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് ഇലക്ടോണിക് കോഡ് ലഭ്യമാകുക.