മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയ്ക്ക് മുൻകൂർ ജാമ്യം

Share

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയ്ക്ക് മുൻകൂർ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് ഹൈക്കോടതിയാണ് സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടിയത്. ദുരുദ്ദേശത്തോടെയല്ല ഇടപെട്ടതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് കേസെടുത്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമപ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് തള്ളിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോയത്.