ദുബായ് മാരത്തൺ; റോഡുകൾ അടച്ചിടും

Share

ദുബായ്: ദുബായ് മാരത്തൺ നടക്കുന്നതിന്റെ ഭാഗമായി ഉമ്മുസുഖീം, ജുമൈറ, അൽ വാസൽ മേഖലകളിലെ നിരവധി റോഡുകൾ നാളെ അടച്ചിടും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടുമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ഉം സുഖീം റോഡിൽ ദുബായ് പൊലീസ് അക്കാദമിക്കു സമീപത്ത് നിന്നാണ് 42.195 കിലോമീറ്റർ മാരത്തൺ ആരംഭിക്കുന്നത്. ജുമൈറ ബീച്ച് റോഡ് വഴി, ബുർജ് അൽ അറബ്, മദീനത്ത് അൽ ജുമൈറ ഹോട്ടലുകൾക്ക് മുന്നിലൂടെ മാരത്തൺ കടന്നു പോകും. അമച്വർ, എലീറ്റ് റണ്ണേഴ്സിനായി 10 കി.മീ. വിഭാഗത്തിലും തുടക്കക്കാർക്കായി 4 കി.മീ. വിഭാഗത്തിലുമാണ് ഓട്ടം.
മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴയതുമായ അന്താരാഷ്ട്ര മാരത്തണിന്റെ ഈ വർഷത്തെ പതിപ്പിൽ ആയിരകണക്കിന് ഓട്ടക്കാർ പങ്കെടുക്കും. ദുബായ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള മാരത്തണിൽ അന്താരാഷ്ട്ര മുൻനിര അത്ലറ്റുകൾ, വളർന്നുവരുന്ന താരങ്ങൾ, പുതിയ ഓട്ടക്കാർ എന്നിവരിൽ നിന്ന് ശക്തമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.