ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ പാത; സംയുക്ത സ്റ്റാമ്പ്

Share

മസ്‌കറ്റ്: ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ കരപാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലേയും തപാല്‍ വകുപ്പുകള്‍ സംയുക്ത സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി. ഒമാന്‍ പോസ്റ്റും സൗദി പോസ്റ്റും ചേര്‍ന്നാണ് ശക്തമായ ഉഭയകക്ഷി ബന്ധത്തെ കൂടി പ്രതിനിധീകരിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, സൗദി ഭരണാധികാരി രാജാവ് സല്‍മാന്‍ രാജാവ് എന്നിവരുടെ ചിത്രമാണ് സ്റ്റാമ്പിൽ ഉള്‍പെടുത്തിയത്.
പാതയുടെ ചിത്രവും, പാതയുടെ രേഖാചിത്രവും, ഈത്തപ്പനയും, ഇരുരാജ്യങ്ങളുടെയും പുരോഗതി സൂചിപ്പിക്കുന്ന പ്രധാന കെട്ടിടങ്ങളുടെ ചിത്രങ്ങളും പശ്ചാത്തലത്തിലുണ്ട്. സൗദി വിഷന്‍ 2030, ഒമാന്‍ വിഷന്‍ 2040 എന്നിവ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും ഭാവിദര്‍ശനങ്ങളുമായി സ്റ്റാമ്പ് ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശങ്ങളിലൊന്നായ റുബ്ഉല്‍ ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) വഴി സൗദി കിഴക്കന്‍ പ്രവിശ്യയിലേക്കാണ് പാത എത്തിച്ചേരുന്നത്. ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു കരഗതാഗത മാര്‍ഗവുമാണിത്. കരമാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിനും സൗദിയിലേക്കുള്ള തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും യാത്രയ്ക്കും ലാന്‍ഡ് ലിങ്ക് റോഡ് ഉപകരിക്കുന്നതാണ്. പാതയുടെ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും ഔദ്യോഗികമായി ഗതാഗതത്തിന് തുറക്കുന്നത് ഇപ്പോഴാണ്.