പുതുവർഷാരംഭത്തിൽ മാറും ദുബായ്

Share

ദുബായ്: പുതുവർഷത്തിൽ നിരവധി മാറ്റങ്ങളുമായി യു എ ഇ. 2024 ആകുന്നതോടെ പഴയ ശീലങ്ങളെല്ലാം മാറി യു എ ഇ യിൽ പുതിയ മാറ്റങ്ങളും, വികസനങ്ങളും, നിയമങ്ങളുമാണ് വരാൻ പോകുന്നത്. രാജ്യത്തുണ്ടാകാൻ പോകുന്ന പുതിയ മാറ്റങ്ങളാണ് ഇവയെല്ലാം.
പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കും; കോവിഡ് കാലത്ത് നിർത്തിവെച്ച അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും; രാജ്യം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേയ്ക്ക് കടക്കും. ഐ ടി, റിയൽ എസ്റ്റേറ്റ്, വിദ്യഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം, സ്വകാര്യ സ്കൂളുകൾ എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം.
കൂടാതെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസഞ്ചർ സർവീസ് തുടങ്ങിയേക്കും; യുഎഇ–ഒമാൻ റെയിലിന്റെയും അബുദാബി നഗരത്തിലെ ട്രാം പദ്ധതിക്കും തുടക്കമിടും; അബുദാബി, ദുബായ്, ഷാർജ അൽഐൻ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസിന്റെ ഡിസൈനിങ് ജോലിയും ആരംഭിക്കും. അക്ഷർധാം മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത മാതൃകയിലുള്ള ക്ഷേത്രം അബുദാബിയിൽ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.
മാത്രമല്ല, രാജ്യത്ത് ചരിത്രം കുറിക്കാൻ ആദ്യമായി ബഹിരാകാശത്തേക്ക് ഒരു വനിതാ സഞ്ചാരിയെ അയക്കാൻ ഒരുങ്ങി യു എ ഇ; രാജ്യത്തെ ഏറ്റവും ശക്തമായ എംബിസെഡ് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തും, 100% സ്വദേശി ശാസ്ത്രജ്ഞർ പ്രാദേശികമായി വികസിപ്പിച്ച ബഹിരാകാശ റോവർ ചന്ദ്രനിലേക്ക് കുതിക്കും. ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും; ലോകത്തിലെ ഏറ്റവും വലിയ ഓട്ടണമസ് റേസിങ് ലീഗിന് അബുദാബി ആതിഥ്യം വഹിക്കും; ലോക് ഇസ്ലാമിക് സാമ്പത്തിക ഫോറം അബുദാബിയിൽ നടക്കും.
യു എ ഇ യിൽ ഇനി വരാൻ പോകുന്നത് മാറ്റങ്ങളുടെ തുടക്കം. കൂടുതൽ വികസനത്തിനായി ചുവട്‌വെയ്ക്കുന്ന യു എ ഇ സാങ്കേതിക, സാമ്പത്തിക വികസനത്തിലും മുന്നേറും.