വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാല്‍ ഇനി കടുത്ത ശിക്ഷ

Share

സൗദി അറേബ്യ: രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാല്‍ ലഭിക്കുന്നത് കടുത്ത ശിക്ഷ. വേട്ടയാടുന്നതായി കണ്ടെത്തിയാല്‍ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. മാത്രമല്ല കുറ്റക്കാരെ കാത്തിരിക്കുന്നത് പത്ത് വര്‍ഷം തടവും, മുപ്പത് ദശലക്ഷം റിയാല്‍ വരെ പിഴയുമായിരിക്കുമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. സൗദി സ്‌പെഷ്യല്‍ ഫോഴ്സസ് ഫോര്‍ എന്‍വിറോണ്മെന്റല്‍ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സൗദി അറേബ്യ അനുശാസിക്കുന്ന പരിസ്ഥിതി നിയമങ്ങള്‍, അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കാന്‍ പൊതു ജനങ്ങളോട് സ്‌പെഷ്യല്‍ ഫോഴ്സസ് ഫോര്‍ എന്‍വിറോണ്മെന്റല്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടുന്നതും, കൊല്ലുന്നതും, ഇത്തരം ജീവികളെയോ, അവ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള വസ്തുക്കളോ കച്ചവടം ചെയ്യുന്നതും സൗദി പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 911 (മക്ക, റിയാദ്, അല്‍ ശര്‍ഖിയ എന്നിവിടങ്ങളില്‍ നിന്ന്) അല്ലെങ്കില്‍ 999, 996 (സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന്) എന്നീ നമ്ബറുകള്‍ ഉപയോഗിച്ച് കൊണ്ട് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.