യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

Share

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീധനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ മരണത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റവും, സ്ത്രീധന നിരോധന നിയമവും ചുമത്തി മെഡിക്കല്‍ കോളേജ് പൊലീസ് ആണ് റുവൈസിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുകയും, ഇന്നുതന്നെ അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം ഗൗരവമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.