യു.എ.ഇ 500-ന്റെ പുതിയ കറന്‍സി പുറത്തിറക്കി; നോട്ടില്‍ അതീവ സുരക്ഷാ സാധ്യതകള്‍

Share

അബുദാബി: അതീവ സുരക്ഷാ സവിശേഷതകളുള്ള 500 ദിര്‍ഹമിന്റെ കറന്‍സി പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. കടലാസ് നോട്ടുകള്‍ക്ക് പകരം കേടുപറ്റാതെ ഏറെക്കാലം ഉപയോഗിക്കാന്‍ കഴിയുന്ന പോളിമറിലാണ് പുതിയ നോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. യു.എ.ഇ-യുടെ 52-ാമത് ദേശീയ ദിനവും ഒപ്പം ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവയുമായി ബന്ധപ്പെട്ടാണ് രാജ്യം പുതിയ കറന്‍സി പുറത്തിറക്കിയത്. പുതിയ 500-ന്റെ നോട്ട് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പൊതുജനങ്ങളില്‍ ക്രയവിക്രയത്തിനായി എത്തുന്നത് നാളെ മുതലായിരിക്കുമെന്ന അധികൃര്‍ അറിയിച്ചു.

ബഹുവര്‍ണ സുരക്ഷാ ചിപ്പ് സാങ്കേതികവിദ്യ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഏറെ പ്രത്യേകത. ഇത്തരത്തില്‍ ഏറ്റവും വലിയ ഫോയില്‍ സ്ട്രിപ്പ് ബാങ്ക് നോട്ടുകളില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാണ് യുഎഇ. കള്ളപ്പണം ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഈ സാങ്കേതികവിദ്യ മുമ്പ് പുറത്തിറക്കിയ 1000 ദിര്‍ഹത്തിന്റെ നോട്ടില്‍ പരീക്ഷിച്ചിരുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ഇത്തരം സാങ്കേതിക വിദ്യയിലുള്ള നോട്ടുകളുടെ ആദ്യപരീക്ഷണമായിരുന്നു യു.എ.ഇ നടത്തിയത്.

നിലവിലുള്ള 500 ദിര്‍ഹം നോട്ടുപോലെ അതേ നീല നിറത്തില്‍ തന്നെയാണ് പുതിയ കറന്‍സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്. എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് നിറത്തില്‍ പ്രകടമായി വലിയ മാറ്റം വരുത്താതിരുന്നത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രം നോട്ടില്‍ പതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസനവും സംസ്‌കാരവും ടൂറിസവും അതുല്യമായ നിര്‍മിതികളും പരിസ്ഥിതി സൗഹൃദ പദ്ധതികളും നോട്ടിലെ അടയാള ചിഹ്നങ്ങളാണ്. നോട്ടിന്റെ മുന്‍ഭാഗത്ത് ദുബായ് എക്‌സ്‌പോ സിറ്റിയിലെ ടെറ സസ്‌റ്റൈനബിലിറ്റി പവലിയന്റെ ഉദാത്ത വാസ്തുവിദ്യ വ്യക്തമാക്കുന്ന ചിത്രം പതിച്ചിട്ടുണ്ട്. പിന്നില്‍ ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറും ഇടം പിടിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് ടവേഴ്‌സ്, യു.എ.ഇ-യുടെ അഭിമാനസ്തംഭമായ ബുര്‍ജ് ഖലീഫ തുടങ്ങിയവയും നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയുന്നതിനും അതിന്റെ കൃത്യമായ മൂല്യം നിര്‍ണയിക്കുന്നതിനുമായി ബ്രെയില്‍ ലിപി ചിഹ്നങ്ങള്‍ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ബാങ്ക് നോട്ടുകളേക്കാള്‍ വളരെയേറെ ഭംഗിയുള്ളതാണ് പുതിയ കറന്‍സി. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയല്‍ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കുന്നു. നിലവിലുള്ള പേപ്പര്‍ നോട്ടുകള്‍ക്കൊപ്പം പുതിയ നോട്ടുകളും തടസ്സമില്ലാതെ സ്വീകരിക്കുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.