ഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലുങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്
മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. ആറ് സര്‍വേ ഫലങ്ങളില്‍ ടൂഡേയ്‌സ് ചാണക്യ മാത്രമാണ് ബിജെപി-ക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയും ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് 107 സീറ്റ് വരെയും പ്രവചിച്ചിട്ടുണ്ട്. മറ്റ് മൂന്ന് സര്‍വേകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധികരത്തില്‍ വരുമെന്നാണ് പൊതുവേയുള്ള വികാരം.
രാജസ്ഥാന്‍ കോണ്‍ഗ്രസിന് നഷ്ടമാകും
രാജസ്ഥാനില്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടമാകുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളാണ് ഭരണത്തിലേറാന്‍ വേണ്ടത്. എട്ട് സര്‍വേ ഫലങ്ങളില്‍ ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. രണ്ട് സര്‍വേ ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിച്ചിട്ടുണ്ട്. അഞ്ച് സര്‍വേ ഫലങ്ങളും ബിജെപിക്ക് അനുകൂലമാണ്. പൊതുവികാരം അനുസരിച്ച് രാജസ്ഥാനില്‍ ബി.ജെ.പിക്ക് അനുകൂലമാണ്.
ഛത്തീസ്ഗ്ഡിൽ കോണ്‍ഗ്രസ്
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഭൂരിഭാഗം സര്‍വേ ഫലങ്ങളും. 90 സീറ്റുകളില്‍ 46 സീറ്റാണ് ഭരണത്തില്‍ എത്താന്‍ വേണ്ടത്. ഏഴ് സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും രണ്ട് സര്‍വേ ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ടുഡേയ്‌സ് ചാണക്യ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്.
തെലുങ്കാനില്‍ കോണ്‍ഗ്രസ്
തെലുങ്കാനയില്‍ ബിആര്‍എസിനു ഭരണം നഷ്ടമാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ടിവി, ജന്‍ കി ബാത്ത്, റിപ്പബ്ലിക് ടിവി, ടിവി നൗ തുടങ്ങിവയുടെ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇവര്‍ ആരും ബിആര്‍എസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിട്ടില്ല. 119 നിയമസഭ സീറ്റുകളില്‍ 60 സീറ്റാണ് അധികാരം പിടിക്കാന്‍ വേണ്ടത്.
മിസോറാമിലും കോണ്‍ഗ്രസ്
മിസോറാമില്‍ 40 സീറ്റുകളില്‍ 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാകുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. അഞ്ച് സര്‍വേ ഫലങ്ങള്‍ നോക്കിയാല്‍ രണ്ട് മുതല്‍ 13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ആര് ഭരിക്കണമെന്നതില്‍ കോണ്‍ഗ്രസ് തീരുമാനം നിര്‍ണായകമായിരിക്കും.
2023 ഡിസംബർ 3 ഞായറാഴ്ചയാണ് 5 സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം. വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.