ലൈംഗിക പീഡനക്കേസ്; എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Share

ലൈംഗിക പീഡനക്കേസിൽ മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.രേവണ്ണ വളരെ സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകുന്നത് നിരസിച്ചത്.
ജെഡിഎസ് എംഎൽഎ എച്ച്ഡി രേവണ്ണയുടെ മകനും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയുടെ കൊച്ചുമകനുമാണ് പ്രജ്വൽ രേവണ്ണ. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തതുൾപ്പടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും അടക്കം നാല് കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്.കർണാടക ആസ്ഥാനമായുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.പ്രജ്വലിനെതിരെ 2144 പേജുള്ള കുറ്റപത്രമടക്കം എസ്ഐടി സമർപ്പിച്ചിരുന്നു.പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്.
രേവണ്ണയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സുപ്രീംകോടതിയിൽ ഹാജരായത്.കുറ്റപത്രം നിലവിലുണ്ടെന്നും ബലാത്സംഗം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376-ാം വകുപ്പ് തുടക്കത്തിൽ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വാദിച്ചു.എന്നാൽ ഒക്ടോബർ 21ന് കർണാടക ഹൈക്കോടതി നിരസിച്ച രേവണ്ണയുടെ ജാമ്യാപേക്ഷ പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.ആറ് മാസത്തിന് ശേഷം വീണ്ടും കോടതിയെ സമീപിക്കാൻ റോത്തഗി അനുമതി തേടിയിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഭാവി നടപടികളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
ഏപ്രിൽ 26ന് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വകാര്യ ദൃശ്യങ്ങൾ ഹാസൻ മണ്ഡലത്തിൽ പ്രചരിച്ചതോടെയാണ് പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്കായത്.ഏപ്രിൽ 27ന് കർണാടക വിട്ട പ്രജ്വൽ ജർമനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക് ശേഷം തിരികെ എത്തിയ പ്രജ്വലിനെ എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്.നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് പ്രജ്വൽ രേവണ്ണ.