പൊള്ളുന്ന പൊന്ന്; ഒരു പവന്‍ വാങ്ങാന്‍ അരലക്ഷത്തിലധികം നല്‍കണം

Share

തിരുവനന്തപുരം: കേരളത്തില്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തവിധം സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് സ്വര്‍ണ്ണവില പവന് 600 രൂപ വര്‍ദ്ധിച്ചതോടെ 46,480 രൂപയ്ക്കാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. 75 രൂപ ഉയര്‍ന്നതോടെ 5810 രൂപയാണ് ഒരു ഗ്രാമിന്റെ വിപണി വില. പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോര്‍ഡ് വില. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണ വില 46,480 രൂപയിലെത്തി നില്‍ക്കുന്നത്. ഇതിന്റെ കൂടെ പണിക്കൂലിയും ജി.എസ്.ടിയും കൂടി വരുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ അരലക്ഷത്തിലധികം രൂപ കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880-ലും ഗ്രാമിന് 5,735 രൂപയ്ക്കുമായിരുന്നു വ്യാപാരം നടന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും അത് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ വരുമ്പോള്‍ 83.29 മൂല്യത്തിലുമാണ്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 4820 രൂപയിലാണ് വ്യാപാരം. അതായത് ഗ്രാമിന് 496 രൂപ കൂടി പവന് 38,032 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം 24 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 656 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 82 രൂപ കൂടി 6,338-ലേക്കുയര്‍ന്നു. സ്വര്‍ണവില കുതിച്ചുയരുമ്പോഴും വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറില്‍ സ്വര്‍ണ വിലയില്‍ ഏറിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ വിപണി വിലയില്‍ 45,120 രൂപയുണ്ടായിരുന്ന സ്വര്‍ണം നവംബറിന്റെ മധ്യത്തില്‍ 44,500-ലും താഴേക്ക് പോയതിന് ശേഷമാണ് ക്രമേണ ഉയര്‍ന്ന് നവംബര്‍ 29 അതായത് ഇന്ന് 46,480 രൂപയിലെത്തി നില്‍ക്കുന്നത്. സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. സ്വര്‍ണ വില ക്രമാതീതായി ഉയരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ പലിശ നിരക്ക് ഉയരാന്‍ ഇടയില്ലെന്നും സമീപ ഭാവിയില്‍ കുറയാനാണ് സാധ്യതയെന്ന വിലയിരുത്തലുമാണ് സ്വര്‍ണവില കുതിക്കാന്‍ പ്രധാനപ്പെട്ട കാരണമായി പറയുന്നത്. മറ്റൊന്ന് ആശങ്ക ഉയര്‍ത്തി ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പുതിയ വൈറല്‍ പനി പടര്‍ന്ന് പിടിക്കുന്നു എന്ന്  ആഗോളതലത്തില്‍ വാർത്തയായതും  സ്വര്‍ണ്ണവില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്.