മരണത്തെ മുഖാമുഖം കണ്ട 17 ദിവസം; തൊഴിലാളികള്‍ക്ക് ഇത് പുതുജീവന്‍

Share

ഉത്തരാഖണ്ഡ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. 17 ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എന്‍.ഡി.ആര്‍.എഫിന്റെ അഞ്ചംഗ സംഘം ചേര്‍ന്ന് ആരോഗ്യപ്രശ്‌നമുള്ള ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ചിരുന്നു. പ്രത്യേക സുരക്ഷയോടെ തയ്യാറാക്കിയ പൈപ്പിനുള്ളിലൂടെയാണ് എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍ തുരങ്കത്തിലേക്ക് കടന്ന് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിച്ചത്. പുറത്തെത്തിച്ച മുഴുവന്‍ തൊഴിലാളികള്‍ സുരക്ഷിതരാണെങ്കിലും അവരുടെ ആരോഗ്യനില പരിശോധിക്കാനായി വിധഗ്ത സംഘവും തുരങ്കത്തിന് പുറത്തുണ്ടായിരുന്നു. തൊഴിലാളികളെ പുറത്തെത്തിച്ച ഉടനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയര്‍ ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ 17 ദിവസം മരണത്തെ മുഖാമുഖം കണ്ടാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കഴിച്ചുകൂട്ടിയത്. അവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും നല്‍കുന്നതിനായും, ഓക്‌സിജന്‍ ലഭ്യമാകുന്നതിനായും ഈ കഴിഞ്ഞ 17 ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തകരും, ദൗത്യസംഘങ്ങളും മുന്നിട്ട് എല്ലാ സഹായവും, രക്ഷാപ്രവര്‍ത്തനവും നല്‍കിയിരുന്നു. സില്‍ക്ക്യാരയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് റാറ്റ് ഹോള്‍ മൈനേഴ്സ് ദൗത്യമാണ്. ഇവര്‍ തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് മൈനേഴ്സ് കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് എത്തിയത്. അമേരിക്കന്‍ നിര്‍മിത ഡ്രില്ലിംഗ് മെഷീന്‍ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു റാറ്റ് ഹോള്‍ മൈനിംഗ് നടത്താമെന്ന് തീരുമാനിച്ചത്. ഇത് ഇന്ത്യയിലാകെ നിരോധിച്ച ഖനന പ്രക്രിയയാണ്. എന്നാല്‍ 24 മണിക്കൂറും നിര്‍ത്താതെ തുരന്ന ശേഷമാണ് അവര്‍ക്കടുത്തേക്ക് എത്താനായതെന്നും, രക്ഷാപ്രവര്‍ത്തനത്തിനായി തന്റെ സംഘം ഒരുപാട് കഷ്ടപ്പെട്ടുവെന്ന് ടീം ലീഡര്‍ വ്യക്തമാക്കി.