വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നു

Share

ദുബായ്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജമായി തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. വ്യാജ കാര്‍ഡ് നിര്‍മാണത്തിന് നിര്‍ദേശം നല്‍കിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ രഞ്ജുവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ചോദ്യം ചെയ്യലിനല്ല തന്നെ സാക്ഷിയായിട്ടാണ് ഈ കേസില്‍ പരിഗണിച്ചിട്ടുള്ളതെന്നും തന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാത്തതുകൊണ്ടാണ് മറ്റ് പരിപാടികള്‍ മാറ്റിവച്ച് അന്വേഷണ സംഘത്തിന് മുമ്പാകെ  എത്തിയതെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ വിളിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. ഏതൊരു ചോദ്യത്തിനും ഏത് സമയത്തും മറുപടി പറയാന്‍ തയ്യാറാണെന്നും തന്നെ  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി മാദ്ധ്യമങ്ങള്‍ വഴിയാണ് ആദ്യം അറിഞ്ഞതെന്നും കഴിഞ്ഞ ദിവസമാണ് തനിക്ക് പോലീസിന്റെ നോട്ടീസ് ലഭിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ അംഗത്വത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചരിയല്‍ രേഖയുണ്ടാക്കിയെന്ന കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ ഫെനിക്കും ബിനിലിനും സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും ഇവരുടെ മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്‌തെന്നുമാണ് പൊലീസിന്റെ വിശദീകരണം.