ചൈനയില്‍ കുട്ടികളില്‍ പടരുന്ന രോഗം; ആശങ്കയില്ലെന്ന് ഇന്ത്യ

Share

ബീജിംഗ്: ചൈനയില്‍ ആശങ്ക ഉയര്‍ത്തി കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ രോഗം പടരുന്നതായി അന്താരാഷ്ട വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിട്ടുമാറാത്ത പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പത്തിരട്ടിയാണ്.

അതേസമയം, ചൈനയിൽ ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ രോഗഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം ചോദിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്നാണ് ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചതെന്നും എന്നാല്‍ അസാധാരണമായി ഒന്നുമില്ലെന്നും പുതിയ രോഗാണുവിനെ കണ്ടെത്തിയിട്ടില്ലെന്നും ചൈന മറുപടി നല്‍കി. ന്യുമോണിയ സാധാരണയുള്ള ബാക്ടീരിയ രോഗമാണെന്നും ഇത് കുട്ടികളെ ബാധിക്കുന്നത് സ്വാഭാവികമാണെന്നും ചൈന വ്യക്തമാക്കി.

എന്നാല്‍ ചൈനയിലെ സ്ഥിതിഗതികളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പരിശോധനകള്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും നടത്തി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ചികിത്സാ രീതിയില്‍ കൂടുതല്‍ ഏകോപനം കൈവരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നും മന്ത്രാലയം വിശദീകരിച്ചു. H9N2 വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനോ മരണം സംഭവിക്കാനോ സാദ്ധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നുണ്ട്.