ഖത്തറിന് ഇന്ത്യന്‍ ജനതയുടെ സല്യൂട്ട്; മുന്‍ നാവികരുടെ വധശിക്ഷയിലുള്ള ഇന്ത്യന്‍ അപ്പീല്‍ ഖത്തര്‍ അംഗീകരിച്ചു

Share

ഡല്‍ഹി: ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരുടെ ശിക്ഷാവിധി പുനപരിശോധിക്കണമെന്ന ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ അംഗീകരിച്ചു. ഇന്ത്യയുടെ അപ്പീലില്‍ വാദം കേള്‍ക്കാമെന്ന് ഖത്തര്‍ കോടതി അറിയിച്ചതോടെ ശിക്ഷയില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കരും നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ പരിശോധിച്ച ശേഷം ഖത്തര്‍ കോടതി വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിനാണ് എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം ഖത്തര്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്ന് ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവര്‍ക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്തു. കമാന്‍ഡര്‍മാരായിരുന്ന പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ റാങ്കിലായിരുന്ന നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ത് കൂടാതെ നാവികനും മലയാളിയുമായ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറില്‍ അറസ്റ്റിലായത്. ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷം വരെ ജോലി ചെയ്തവരാണ് ഇത്തരത്തില്‍ ആരോപണ വിധേയരായി ഖത്തറില്‍ പിടിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും.