ശബരിമലയില്‍ അതീവ ജാഗ്രത വേണം; നിര്‍ദ്ദേശവുമായി കേരള പോലീസ്

Share

തിരുവനന്തപുരം: മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് റിപ്പോര്‍ട്ട്. കേരളത്തിലും രാജ്യത്തെ മറ്റ് ചിലയിടങ്ങളിലും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ പൊലീസ് രഹസ്യ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാന്‍ ശബരിമലയില്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ത്ഥാടക വേഷത്തില്‍ ശബരിമലയില്‍ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ‘ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലോസീവ് ഡിവൈസ്’ (IED-Improvised Explosive Device) കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിന് സഹായിക്കുന്ന ഉപകരണങ്ങളോ കടത്താന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംശയമുള്ള തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടുകള്‍ ആചാര ലംഘനം നടത്താതെവേണം പരിശോധിക്കേണ്ടതെന്ന് നിര്‍ദ്ദേശത്തിലുണ്ട്. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ മാസം കളമശേരിയില്‍ പ്രാര്‍ത്ഥനാ സ്ഥലത്ത് സ്ഫോടനം നടത്തിയത് ഐ.ഇ.ഡി ഉപയോഗിച്ചായിരുന്നു എന്ന പശ്ചാത്തലവും പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. തീരദേശം വഴി ആയുധവും സ്ഫോടക വസ്തുക്കളും കടത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് തീപിടിക്കാന്‍ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നുണ്ട്. 30 മുതല്‍ 130 എല്‍.പി.ജി സിലിണ്ടറുകള്‍വരെ ചില ഹോട്ടലുകള്‍ സൂക്ഷിക്കുന്നതായും അനധികൃത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിന് നിയന്ത്രണം വേണമെന്നും പോലീസ് ശിപാര്‍ശ ചെയ്യുന്നുണ്ട്.

ഭാവിയില്‍ മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി പോലീസ് മുന്നോട്ടു വയ്ക്കുന്നുണ്ട്. എല്‍പിജി വിതരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും സിലിണ്ടറുകള്‍ക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണമെന്നും നിര്‍ദ്ദേശമുണ്ട്. മകരജ്യോതി, മണ്ഡലപൂജ എന്നീ അവസരങ്ങളില്‍ കേന്ദ്രീകൃത റജിസ്ട്രേഷന്‍ സംവിധാനം വേണം, അത്യാവശ്യ ഘട്ടങ്ങളിൽ സന്നിധാനത്തുനിന്ന് കൂട്ടത്തോടെ തീർത്ഥാടകരെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തണം, പമ്പയില്‍ നിന്ന് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം വേണം, അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ്, തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ തുറസായ സ്ഥലം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്.