കാസര്‍കോട് യൂത്ത് വിംഗ് ഷാര്‍ജയുടെ ‘തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍’ അവാര്‍ഡ് എം.ജി പുഷ്പാകരന്; പുരസ്‌കാരനേട്ടം മികച്ച പൊതുപ്രവര്‍ത്തത്തിന്

Share

ഷാര്‍ജ: ‘കാസര്‍കോട് യൂത്ത് വിംഗ്’ ഷാര്‍ജയുടെ മികച്ച പൊതുപ്രവര്‍ത്തകനുള്ള മൂന്നാമത് ‘തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍’ അവാര്‍ഡ് വിതരണം ചെയ്തു. 53 വര്‍ഷമായി യുഎഇ-യില്‍ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ നില്‍ക്കുന്ന എം.ജി. പുഷ്പാകരനാണ് ഇത്തവണത്തെ അവാര്‍ഡ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ‘യുവസന്ധ്യ 2023’ എന്ന പരിപാടിയില്‍ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അവാര്‍ഡ് വിതരണം ചെയ്തു. അതോടൊപ്പം എമിറേറ്റ്സ് റെഡ് ക്രസന്റ് വളണ്ടിയറും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.വി മധുസൂദനനെയും ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് യൂത്ത് വിങ്ങ് പ്രസിഡന്റ് സജിത്ത് അരിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ഇന്‍കാസ് ഷാര്‍ജ സ്റ്റേറ്റ് പ്രസിഡന്റുമായ അഡ്വ: വൈ.എ റഹിം ഉദ്ഘാടനം ചെയ്തു.

ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍ കെ. ബാലകൃഷ്ണന്‍, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി എസ്.എം ജാബിര്‍, മുന്‍ ഇന്‍കാസ് സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, കാസര്‍കോട് ഇന്‍കാസ് ജില്ലാ സെക്രട്ടറി മണി തച്ചങ്ങാട് തുടങ്ങി നിരവധി ഇന്‍കാസ് നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചടങ്ങില്‍ സംസാരിച്ചു. എം.ജി പുഷ്പാകരന് വേണ്ടി പുന്നക്കന്‍ മുഹമ്മദലി അവാര്‍ഡ് ഏറ്റുവാങ്ങി. യൂത്ത് വിങ്ങ് സെക്രട്ടറി അരുണ്‍കുമാര്‍ അരവത്ത് സ്വാഗതവും ട്രഷറര്‍ രാജീവ് കരിച്ചേരി നന്ദിയും പറഞ്ഞു. സംസ്‌കാരിക സമ്മേളനത്തിന് ശേഷം കലാപരിപാടികളും നാടക ഗാന മത്സരവും നടന്നു. നാടക ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കൃപ നിഷ മുരളിയും രണ്ടാം സ്ഥാനം വൈക എസ് നികേഷും മൂന്നാം സ്ഥാനം ദിവാകരന്‍ കെ.എസ് കുറ്റിക്കോലും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ വിതരണം ചെയ്തു.