സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നു; സ്റ്റേഷനിലെത്തിയത് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം

Share

കോഴിക്കോട്: നടനും മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് വേണ്ടിയാണ് സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി പോലീസ് വിളിച്ചുവരുത്തിയത്. സുരേഷ് ഗോപി എത്തുന്നതറിഞ്ഞ് നിരവധി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ആരാധകരും നടക്കാവ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിയിട്ടുണ്ട്. ‘വേട്ടയാടാന്‍ വിട്ടുതരില്ല.. കോഴിക്കോട് സുരേഷ് ഗോപിക്കൊപ്പം’ എന്ന ബാനറും കൈയിലേന്തി പ്രകടനമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് നീങ്ങിയത്.  മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. കൂടാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവരും പ്രകടനത്തെ അഭിവാദ്യം ചെയ്തു.

ഒക്ടോബര്‍ 27-ന് കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വച്ചതാണ് കേസിന് കാരണം. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. ഈ വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. മോശം പെരുമാറ്റത്തില്‍ ലൈംഗികാതിക്രമം (ഐപിസി 354 എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പൊലീസ് ശേഖരിച്ചിട്ടുണ്ട്.