വന്‍ ഭൂരിപക്ഷത്തോടെ ജയം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍

Share

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ യൂത്ത് കോണ്‍ഗ്രസ് കേരള സംസ്ഥാന അദ്ധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിന് ആകെ 2,21,986 വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ടായിരുന്നു മത്സരം നടന്നത്.

എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി അബിന്‍ വര്‍ക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടിയത്. അബിന്‍ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെസി വേണുഗോപാല്‍ പക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച മറ്റൊരു വനിത നേതാവ് അരിത ബാബുവിന് 31,930 വോട്ടുകള്‍ ലഭിച്ചു. ആകെ പോള്‍ ചെയ്ത 7,29,626 വോട്ടുകളില്‍ 2,16,462 വോട്ടുകള്‍ അസാധുവായി.

അബിന്‍ വര്‍ക്കി, അരിത ബാബു എന്നിവരടക്കം 10 പേര്‍ യൂത്ത് കേണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരാകും. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു രാഹുലിനെ അദ്ധ്യക്ഷ പദവിയിലേക്കുള്ള സ്ഥാനാര്‍ത്ഥിയാക്കിയത്. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ വളരെ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഫലം അറിയാന്‍ ഉമ്മന്‍ചാണ്ടി സാറില്ലാത്ത വിഷമമുണ്ടെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സന്തോഷിക്കുന്ന ദിവസമായേനെയെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ എല്ലാ പ്രവര്‍ത്തകരോടുള്ള വലിയ കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തിയിലൂടെയാണ് കര്‍ത്തവ്യം നിറവേറ്റേണ്ടതെന്നും രാഹുല്‍ പറഞ്ഞു.